പരാതിയുമായി ഇന്ദിരാഭവനില്‍ കയറിയിറങ്ങേണ്ട; സെമി കേഡര്‍ ലക്ഷ്യവുമായി കെ. സുധാകരന്‍

തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കയറിയിറങ്ങേണ്ടെന്നും എല്ലാ പരാതികളും തനിക്ക് അയയ്‌ക്കേണ്ടെന്നും ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ അയച്ച് കെ.സുധാകരന്‍. സെമി കേഡര്‍ സംവിധാനത്തിന്റെ അടിസ്ഥാനപ്രമാണം അച്ചടക്കമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

അതേസമയം, പരാതി പറയാനും പുനഃസംഘടന, തിരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളില്‍ സ്ഥാനങ്ങള്‍ ഉറപ്പിക്കാനുമാണ് ഇന്ദിരാഭവനിലേക്ക് നേതാക്കളുടെ തള്ളിക്കയറ്റം. ഈ തിക്കുംതിരക്കും കുറയ്ക്കുകയാണ് ആദ്യപടി. പുതിയ സര്‍ക്കുലര്‍ ഇതിനെല്ലാം നിയന്ത്രണം കൊണ്ടുവരും.

ബൂത്ത് തലത്തിലെ പ്രശ്‌നങ്ങള്‍ മണ്ഡലം തലത്തിലും മണ്ഡലത്തിലേത് ബ്ലോക്കിലും ബ്ലോക്കിന്റേത് ഡിസിസികളും പരിഹരിക്കണം. പരിഹാരമാകാത്ത പ്രശ്‌നങ്ങള്‍ കെപിസിസി പ്രസിഡന്റിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരാം. അതിന് ഡിസിസി പ്രസിഡന്റിന്റെ കത്തു വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. താഴെത്തട്ടില്‍ പുനഃസംഘടന തുടങ്ങിയതോടെ പരാതികളുടെ പ്രളയമാണ്. അതിന് തടയിടുക കൂടിയാണ് സുധാകരന്റെ ലക്ഷ്യം.