പോലീസ് സംരക്ഷണയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഇടത് സംഘടനകൾക്ക് ധൈര്യമുണ്ടോ; ചോദ്യവുമായി വി വി രാജേഷ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തിൽ വിമർശനം ഉന്നയിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. പോലീസ് സംരക്ഷണയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഇടത് സംഘടനകൾക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പോലീസ് സംരക്ഷണ ഇല്ലാത്ത സാഹചര്യമുണ്ടായാൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും പിണറായി വിജയൻ ഉടുതുണിയില്ലാതെ ഓടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലിം വിഭാഗത്തിലെ തീവ്രവാദികളുടെ വോട്ട് നേടിയെടുക്കാനുള്ള ശ്രമമെന്നാണ് ഡോക്യുമെന്ററി പ്രദർശനത്തെ വി വി രാജേഷ് വിശേഷിപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തരുടെ വീടും സ്ഥലവും ഉൾപ്പെടെ ഇടത് സർക്കാരിനെ കൊണ്ട് തന്നെ ജപ്തി ചെയ്യിക്കാൻ കഴിഞ്ഞ പ്രസ്ഥാനമാണ് ബിജെപിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന തരത്തിലുളള ബിബിസിയുടെ ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. ഇടത് സംഘടനകളും കോൺഗ്രസ് സംഘടനകളും നേതൃത്വത്തിലാണ് പ്രദർശനം. ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചിട്ടുള്ളത്. യുവമോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടികൾ പോലീസും സ്വീകരിക്കുന്നുണ്ട്.