ഗുജറാത്തില്‍ ‘പഠാന്‍’ റിലീസ് ചെയ്യുന്നതു തടയില്ല; നിലപാട് മയപ്പെടുത്തി ബജ്റംഗ് ദളും വിഎച്ച്പിയും

അഹമ്മദാബാദ്: ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്ന ‘പഠാന്‍’ സിനിമയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാനൊരുങ്ങി ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും. അനാവശ്യ വിവാദങ്ങളിലൂടെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ജനക്ഷേമ നടപടികളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനെതിരെ ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്.

‘നമ്മള്‍ കഠിനാധ്വാനം ചെയ്യുന്നതിനിടെ നമുക്കിടയിലെ ചിലര്‍ അനാവശ്യമായി സിനിമകളെപ്പറ്റിയും മറ്റും വിവാദ പ്രസ്താവനകള്‍ നടത്തുന്നു. പിന്നീട് മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നത് ആ വിവാദമായിരിക്കും’-എന്നായിരുന്നു മോദി പറഞ്ഞത്.

അതേസമയം, രാജ്യത്തൊരിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു വിഎച്ച്പി നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, ഗുജറാത്തില്‍ ‘പഠാന്‍’ റിലീസ് ചെയ്യുന്നതു തടയില്ലെന്നാണു സംഘടനകളുടെ പുതിയ നിലപാട്. വിവാദങ്ങളെ തുടര്‍ന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) സിനിമയില്‍ പത്തിലേറെ കട്ടുകള്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ തൃപ്തരാണെന്നു ബജ്റംഗ് ദളും വിഎച്ച്പിയും അറിയിച്ചു.