തിരുവനന്തപുരം: സെപ്തംബറിലോ ഒക്ടോബറിലോ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
‘പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യ കപ്പല്‍ എത്തുക. തുറമുഖം പൂര്‍ണ സജ്ജമാകണമെങ്കില്‍ ഇനിയും ഒരു വര്‍ഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60ശതമാനം പദ്ധതി പൂര്‍ത്തിയായി. ഏഴ് ക്വാറികള്‍ കൂടി പുതിയതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ കല്ലിന് ക്ഷാമമില്ല’- മന്ത്രി വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എന്‍ ഐ ഒ ടിയുടെ പുതിയ പഠനത്തില്‍ ചൂണ്ടിക്കാട്ടി. വെട്ടുകാട്, വലിയതുറ, പനത്തുറ മുതല്‍പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിഴ, പൂവാര്‍, എടപ്പാട് എന്നിവിടങ്ങളില്‍ തീരശോഷണം പ്രകടമാണ്. ഈ കാലയളവില്‍ തുമ്ബ – ശംഖുമുഖം, പുല്ലുവിള – പൂവാര്‍ സ്‌ട്രെച്ചില്‍ തീരം വയ്പ്പ് കണ്ടെത്തിയിരുന്നു. വലിയ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം സ്‌ട്രെച്ചില്‍ അടുത്ത വര്‍ഷങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ട് തീരം സ്ഥിരപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

