ചൊവ്വയിലേക്ക് വെറും 45 ദിവസം കൊണ്ട് യാത്ര ചെയ്യാം; പദ്ധതിയുമായി നാസ

വാഷിംഗ്ടൺ: ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യ സഞ്ചാരം സാധ്യമാക്കുന്നതിന് ഒരു സ്പേസ് ഷിപ്പ് നിർമിക്കാനുള്ള ശ്രമത്തിലാണ് ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ്. വാഹനം യാഥാർത്ഥ്യമായാലും ചൊവ്വയിലേക്കുള്ള യാത്ര മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നിലവിൽ ഉപയോഗിച്ചുവരുന്ന വാഹനങ്ങളിൽ മണിക്കൂറിൽ 39600 കിമീ വേഗതയിൽ യാത്ര ചെയ്താൽ ഏഴ് മാസമെടുത്താലാണ് ചൊവ്വയിലെത്തുക. ശാസ്ത്രജ്ഞരുടെ പുതിയ പദ്ധതി അനുസരിച്ച് ചൊവ്വയിലേക്കുള്ള യാത്ര മാസങ്ങളിൽ നിന്ന് ചുരുക്കം ചില ദിവസങ്ങളായി പരിമിതപ്പെടുത്താൻ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബൈ മോഡൽ ന്യൂക്ലിയർ പ്രൊപ്പൽഷൻ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേരത്തെ തന്നെ നാസ തുടക്കം കുറിച്ചിരുന്നു. രണ്ട് രീതികളാണ് ഇതിനുള്ളത്. ന്യൂക്ലിയർ തെർമൽ, ന്യൂക്ലിയർ ഇലക്ട്രിക് പ്രൊപൽഷൻ എന്നിവയാണ് ആ രീതികൾ. നാസ ഇനവേറ്റീവ് അഡ്വാൻസ്ഡ് കൺസപ്റ്റ്സ് പദ്ധതിയ്ക്ക് കീഴിൽ ഈ സാങ്കേതിക വിദ്യയുടെ ഒന്നാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി നാസ തിരഞ്ഞെടുത്തിട്ടുണ്ട്.

ബൈ മോഡൽ ന്യൂക്ലിയർ പ്രൊപ്പൽഷൻ വഴി ചൊവ്വയിലേക്ക് വെറും 45 ദിവസം കൊണ്ട് യാത്ര ചെയ്യാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഫ്ളോറിഡ സർവകലാശാലയിൽ ഹൈപ്പർസോണിക്സ് പ്രോഗ്രാം ഏരിയയുടെ മേധാവിയായ പ്രൊഫ. റയാൻ ഗോസ് ആണ് ഈ പദ്ധതി അവതരിപ്പിച്ചത്. ബൈ മോഡൽ ന്യൂക്ലിയർ സംവിധാനത്തിലെ ആദ്യ രീതിയായ ന്യൂക്ലിയർ തെർമൽ പ്രൊപൽഷൻ സംവിധാനത്തിൽ ഒരു ന്യൂക്ലിയർ റിയാക്ടർ ഉപയോഗിച്ച് ദ്രവ ഹൈഡ്രജൻ ഇന്ധനത്തെ ചൂടാക്കി അയണൈസ് ചെയ്ത ഹൈഡ്രജൻ ഗ്യാസ് ആക്കി മാറ്റും. ഇത് കടത്തിവിട്ടാണ് റോക്കറ്റിന് ഉയരാൻ വേണ്ട ത്രസ്റ്റ് സൃഷ്ടിക്കുന്നത്. എൻഇപിയിൽ ന്യൂക്ലിയർ റിയാക്ടർ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് റോക്കറ്റിന്റെ ത്രസ്റ്റ് സൃഷ്ടിക്കുന്നത്.