ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധം; ബിബിസി ഡോക്യുമെന്ററിയിൽ അനിൽ ആന്റണിയുടെ പ്രസ്താവന തള്ളി കെ സുധാകരൻ

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിബിസി ഡോക്യുമെന്ററിയിൽ കെപിസിസി മീഡിയ സെൽ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെപിസിസി ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആ കച്ചിത്തുരുമ്പിൽ പിടിച്ച് കോൺഗ്രസിനെ അപഹസിക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം വിശദമാക്കി. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചരിത്ര വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാർ നയമാണ്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധർമ്മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ലെന്നും മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

.ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. അധികാരവും പണക്കൊഴുപ്പും കൊണ്ട് വിലയ്ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുൾ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ച് പറഞ്ഞ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. നഗ്‌നമായ സത്യം പുറംലോകത്തോട് വിളിച്ച് പറയുമ്പോൾ അതിൽ അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യത്തിന് തീരെ യോജിച്ചതല്ലെന്ന തിരിച്ചറിവ് ഇരുവർക്കും ഉണ്ടാകണം. ഡോക്യൂമെന്റിറി പ്രദർശിപ്പിക്കാൻ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നത് മോദി സത്യത്തെ ഭയപ്പെടുന്ന ഒരു ഭീരു ആയതുകൊണ്ടാണെന്നും സുധാകരൻ വ്യക്തമാക്കി.

ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാർ നിലപാടുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. നരേന്ദ്രമോദിയും ബിജെപി ഭരണകൂടവും സംഘപരിവാറും വിലക്ക് കൽപ്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും. അതിനെ തടയാമെന്നത് സംഘപരിവാരിന്റെ വെറും വ്യാമോഹമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.