നെൽ കൃഷിക്കായി ഏറ്റവും കൂടുതൽ ധനസഹായം നൽകുന്ന സംസ്ഥാനമാണ് കേരളം; ജി ആർ അനിൽ

നെടുമങ്ങാട്: നെൽ കൃഷിക്കായി ഏറ്റവും കൂടുതൽ ധനസഹായം നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനത്ത് തരിശു രഹിത പഞ്ചായത്തുകൾ ധാരാളമുണ്ടെന്നും കായൽ നിലങ്ങളിൽ പോലും വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്തിരക്കായലിൽ ഇത്തരത്തിൽ ഇരുപ്പൂ കൃഷി നടത്തുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് നെൽകൃഷി ഒരിക്കലും നഷ്ടമല്ല, ലാഭകരമാണെന്ന് തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷിവകുപ്പ് നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ സംഘടിപ്പിച്ചിട്ടുള്ള പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശന്റെ ആദ്യദിനം കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അറിയിച്ചത്. ജനുവരി 24 മുതൽ 28 വരെയാണ് കൃഷിദർശൻ സംഘടിപ്പിച്ചിട്ടുള്ളത്.

എല്ലാ പഞ്ചായത്തുകളും തങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തരിശു രഹിതമാകണമെന്ന ലക്ഷ്യത്തിൽ ഇടപെടലുകൾ നടത്തണം. ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ ക്യാമ്പയിൻ കാർഷിക മേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. കർഷകന്റെ അടുത്ത ബന്ധുവായി കൃഷിവകുപ്പിനെ മാറ്റുന്ന പ്രവർത്തനങ്ങൾക്കാണ് സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്. കൃഷിമന്ത്രിയും ജനപ്രതിനിധികളും കർഷകരുടെ കൃഷിയിടത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന കൃഷിദർശൻ പരിപാടി ഇതിനൊരു തുടക്കമായിരിക്കുമെന്നും ജി ആർ അനിൽ കൂട്ടിച്ചേർത്തു.

നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്‌സൺ സി.എസ്. ശ്രീജയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്. കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി അശോക് ഐഎഎസ് പദ്ധതി വിശദീകരണം നടത്തി. മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ ചടങ്ങിന് സ്വാഗതം പറഞ്ഞു. വിവിധ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ കൃഷി ഓഫീസർ ബൈജു സൈമൺ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.