അധികാരത്തിലെത്തിയാൽ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും; പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നടത്തുന്ന ഭാരത് ജോഡോ യാത്രക്കിടെ പുതിയ പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അധികാരത്തിലെത്തിയാൽ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജമ്മുകാശ്മീർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് സംസ്ഥാന പദവിയാണ്. കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാകിസ്താനെതിരായ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കിന് തെളിവ് എവിടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ചോദിച്ചു. ബിജെപി വലിയ പ്രചാരണമാണ് സർജിക്കൽ സ്‌ട്രൈക്കിന് നൽകിയത്. എന്നാൽ ഇതിന് തെളിവുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കനത്ത സുരക്ഷയിലാണ് ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നത്. ജമ്മുവിലെ ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാഹവൽ ഗാന്ധിയുടെ സുരക്ഷ കർശനമാക്കിയത്. ജമ്മു കാശ്മീർ പോലീസിന്റെ സുരക്ഷയ്ക്ക് പുറമെ സിആർപിഎഫിന്റെയും കേന്ദ്ര ഏജൻസികളുടെയും സുരക്ഷ അദ്ദേഹത്തിനുണ്ട്.

ഭാരത് ജോഡോ യാത്ര ജനുവരി 30നാണ് അവസാനിക്കുന്നത്. കോൺഗ്രസിന്റെ ജമ്മു കാശ്മീർ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ ശ്രീനഗർ മൗലാന ആസാദ് റോഡിലെ ഓഫീസിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. പാർട്ടി ഓഫീസ് സെക്രട്ടറി മുഹമ്മദ് അൻവർ ഭട്ടിന്റെ നേതൃത്വത്തിലാണ് പതാകയുയർത്തൽ ചടങ്ങ് നടക്കുന്നത്.