പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രം; മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. മണ്ഡലത്തിൽ എംഎൽഎമാർക്ക് നിൽക്കാനാകാത്ത സ്ഥിതിയാണ്. ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരാ. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുമരമാമത്ത്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനങ്ങളിലെ പോരായ്മകളും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികൾക്ക് കാലതാമസം നേരിടുന്നുണ്ട്. മന്ത്രി നല്ലയാൾ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ലെന്നാണ് ഗണേഷ് കുമാർ വ്യക്തമാക്കുന്നത്.

അതേസമയം, സിപിഎം എംഎൽഎമാർ ഗണേഷിന്റെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ, പറയാനുള്ള കാര്യങ്ങൾ ഈ വേദിയിൽ അല്ലാതെ എവിടെ പറയുമെന്ന് ഗണേഷ് ചോദിച്ചു. സിപിഐ എംഎൽഎമാരും പി വി ശ്രീനിജൻ എംഎൽഎയും ഗണേഷിന് പിന്തുണ നൽകി.