ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 21 ദ്വീപുകള്‍ക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ ദേശീയ പരാക്രം ദിവസായ ഇന്ന് (ജനുവരി 23) ഔദ്യോഗികമായി നല്‍കുന്നു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സ്വാതന്ത്ര്യ സമര സേനാനിയായ സുബാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നേതാജിയുടെ പേരില്‍ ആന്‍ഡമാനില്‍ നിര്‍മ്മിക്കുന്ന നേതാജി ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി ഇന്ന് അനാഛാദനം ചെയ്യും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പ്രധാന ദ്വീപായ റോസ് ഐലന്റിന് നേതാജിയുടെ പേരാണ് നല്‍കിയിരിക്കുന്നത്.
‘രാജ്യത്തിന്റെ യഥാര്‍ത്ഥ നായകന്‍മാരായ സ്വാതന്ത്ര്യസമരസേനാനികളെ അങ്ങേയറ്റം ബഹുമാനിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയുടേത്. ഇതിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 21 ദ്വീപുകള്‍ക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിടാന്‍ തീരുമാനിച്ചിരിക്കുന്നു. ആന്‍ഡമാനിലെ പേരില്ലാത്ത ഏറ്റവും വലിയ ദ്വീപിന് ആദ്യമായി പരമവീര ചക്ര ലഭിച്ചയാളുടെ പേരിടും. രണ്ടാമത്തെ ഏറ്റവും വലിയ ദ്വീപിന് രണ്ടാമത്തെ പരമവീര ചക്ര ജേതാവിന്റെ പേരിടും. രാജ്യത്തിന്റെ യഥാര്‍ത്ഥ നായകന്‍മാര്‍ക്കുള്ള ഒരു ഉപഹാരമാണിത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ ജീവന്‍ പണയം വെച്ചവരാണ് അവര്‍’ പ്രസ്താവനയില്‍ പറയുന്നു.
മേജര്‍ സോമനാഥ് ശര്‍മ്മ; സുബേദാര്‍, ഹോണി ക്യാപ്റ്റന്‍ ( ലാന്‍സ് നായിക്) കരം സിംഗ്, എംഎം; രണ്ടാം ലെഫ്റ്റനന്റ് രാമ രഘോബ റാണെ, നായക് ജാദുനാഥ് സിംഗ്, കമ്പനി ഹവില്‍ദാര്‍ മേജര്‍ പിരു സിംഗ്, ക്യാപ്റ്റന്‍ ജിഎസ് സലാരിയ, ലെഫ്റ്റനന്റ് കേണല്‍ (മേജര്‍) ധന് സിംഗ് ഥാപ്പ, സുബേദാര്‍ ജോഗീന്ദര്‍ സിംഗ്, മേജര്‍ ഷൈതാന്‍ സിംഗ്, അബ്ദുള്‍ ഹമീദ്, ലഫ്റ്റനന്റ് കേണല്‍ അര്‍ദേശിര്‍ ബര്‍സോര്‍ജി താരാപൂര്‍, ലാന്‍സ് നായിക് ആല്‍ബര്‍ട്ട് എക്ക, മേജര്‍ ഹോഷിയാര്‍ സിംഗ്, രണ്ടാം ലെഫ്റ്റനന്റ് അരുണ്‍ ഖേത്രപാല്‍, ഫ്ലയിംഗ് ഓഫീസര്‍ നിര്‍മ്മല്‍ജിത് സിംഗ് സെഖോണ്‍, മേജര്‍ രാമസ്വാമി പരമേശ്വരന്‍; നായിബ് സുബേദാര്‍ ബനാ സിംഗ്, ക്യാപ്റ്റന്‍ വിക്രം ബത്ര, ലഫ്റ്റനന്റ് മനോജ് കുമാര്‍ പാണ്ഡെ, സുബേദാര്‍ മേജര്‍ ( റൈഫിള്‍മാന്‍) സഞ്ജയ് കുമാര്‍, സുബേദാര്‍ മേജര്‍ റിട്ട. (ഹോണി ക്യാപ്റ്റന്‍) ഗ്രനേഡിയര്‍ യോഗേന്ദ്ര സിംഗ് യാദവ് എന്നീവരുടെ പേരുകളാണ് ദ്വീപുകള്‍ക്ക് നല്‍കുക.

