മൈക്രോസോഫ്റ്റും തൊഴിലാളികളെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്‌

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റും തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. തൊഴിലാളികളുടെ അഞ്ച് ശതമാനം അതായത് ഏകദേശം പതിനൊന്നായിരത്തോളം തൊഴിലാളികളുടെ ജോലി വരും ദിവസങ്ങളില്‍ പോകുമെന്നാണ് വിവരം.

എച്ച്.ആര്‍, എഞ്ചിനിയറിങ് വിഭാഗത്തില്‍ നിന്നാണ് തൊഴിലാളികളെ കമ്ബനി പിരിച്ചുവിടുന്നത്. ഇന്ന് ജോലി നഷ്ടമായവരില്‍ ആയിരം പേരും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ്. ഇതോടെ അമേരിക്കന്‍ ടെക്നോളജി മേഖലയില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്ന കമ്ബനികളുടെ കൂട്ടത്തിലേക്ക് മൈക്രോസോഫ്റ്റും എത്തി. നേരത്തെ മെറ്റ, ആമസോണ്‍ എന്നീ കമ്ബനികളും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

ആഗോളസാമ്ബത്തിക മാന്ദ്യവും ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതുമൊക്കെയാണ് പിരിച്ചുവിടലിലേക്ക് കമ്ബനികളെ പ്രേരിപ്പിക്കുന്നത്. ലോകത്താകമാനമായി ഏകേദശം രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് മൈക്രോസോഫ്റ്റിനുള്ളത്. ഇതില്‍ അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തിനടുത്ത് തൊഴിലാളികളുണ്ട്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്ബ്യൂട്ടിങ് പ്ലാറ്റ്ഫോമായ അസ്യുറിന് വിപണിയില്‍ നിന്നും മികച്ച പ്രതികരണമല്ല ലഭിക്കുന്നത്. ഇത് കമ്ബനിയെ കാര്യമായിട്ട് തന്നെ ബാധിച്ചിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ കാര്യമായ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഇതിന്റെ ഭാഗായി കഴിഞ്ഞ ജൂലൈയില്‍ തന്നെ ഏതാനും പേര്‍ക്ക് ജോലി നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.