റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് സ്പെഷ്യൽ ഫോഴ്സ്

ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് സ്പെഷ്യൽ ഫോഴ്സ്. ആദ്യമായാണ് ഗരുഡ് സ്‌പെഷ്യൽ ഫോഴ്‌സ് റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കുന്നത്. സ്‌ക്വാഡ്രോൺ ലീഡർ പി എസ് ജയ്താവത് ആണ് ഗരുഡ് ടീമിനെ നയിക്കുക. കോണ്ടിജെന്റ് കമാൻഡറായി സ്‌ക്വാഡ്രോൺ ലീഡർ സിന്ധു റെഡ്ഡി ചുമതല വഹിക്കും. നാവികസേനയുടെ ചാരവിമാനം ഐഎൽ 38 ഇത്തവണ ആദ്യമായി റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും. ഡീകമ്മിഷൻ ചെയ്യപ്പെട്ട ഈ സൈനികവിമാനത്തിന്റെ അവസാന പരേഡ് പറക്കൽ കൂടിയാകും ഇതെന്നാണ് റിപ്പോർട്ട്.

അതേസമയം, വ്യോമസേനയുടെ 45 വിമാനങ്ങളും നാവികസേനയുടെ ഒരു വിമാനവും കരസേനയുടെ നാല് ഹെലികോപ്ടറുകളും വ്യോമാഭ്യാസപ്രകടനത്തിന്റെ ഭാഗമാകും. മിഗ്-29, റാഫേൽ, ജാഗ്വാർ, എസ് യു-30 തുടങ്ങിയ വിമാനങ്ങൾ ചേർന്നൊരുക്കുന്ന നിരവധി ഫോർമേഷനുകൾ ഇത്തവണ ഉണ്ടാകും.

കർത്തവ്യപഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നത് രാഷ്ട്രപതി ദേശീയ പതാക ഉയർത്തുന്നതോടെയാണ്. ഇത്തവണ പതാക ഉയർത്തൽ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സഹായിക്കുന്നത് ഫ്ളൈറ്റ് ലെഫ്റ്റനന്റ് കോമൾ റാണിയാണ്.