മംഗളൂരു: മംഗളൂരുവിലെ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ചുള്ള ലഹരിവേട്ട തുടർന്ന് പോലീസ്. മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളുമാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായത്. രണ്ട് ഡോക്ടർ ഉൾപ്പെടെ ഒമ്പതോളം പേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിവിധ കേസുകളിലായി 29 പേർ മംഗളൂരുവിൽ ആകെ പിടിയിലായിട്ടുണ്ട്. ഇതിൽ 22 പേർ മെഡിക്കൽ രംഗത്തുള്ളവരാണ്. ജനുവരി 8 ന് ആണ് കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് നടക്കുന്നത്.
മെഡിക്കൽ കോളജുകളിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന വ്യക്തി അറസ്റ്റിൽ ആയതിന് പിന്നാലെയാണ് മയക്കുമരുന്ന് ശൃംഖലയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്നാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ ഡോക്ടർ ഇഷാ, കർണാടക സ്വദേശി ഡോക്ടർ സുധീന്ദ്ര, തെലങ്കാനയിലെ മെഡിക്കൽ വിദ്യാർഥി ചൈതന്യ ആർ തുമലൂരി, തെലങ്കാനയിലെ മെഡിക്കൽ വിദ്യാർഥി പ്രണയ നടരാജ്, മലയാളിയായ മെഡിക്കൽ വിദ്യാർഥി സൂര്യജിത്ത് ദേവ് തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിൽ ആയതെന്ന് പോലീസ് അറിയിച്ചു.

