മൂന്നാർ: മൂന്നാറിൽ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നു. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മൂന്നാറിൽ രാത്രി സഫാരിക്കും ട്രക്കിങ്ങിനും രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് മൂന്നാറിൽ ചേർന്ന സർവകക്ഷി യോഗം നിർദ്ദേശിച്ചത്.
എ രാജ എംഎൽഎയുടെ നേതൃത്വത്തിലാണ് സർവ്വകക്ഷി യോഗം ചേർന്നത്. ജനവാസമേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് യോഗം. ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണം. രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിയന്ത്രണമേർപ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങളും സർവ്വകക്ഷി യോഗത്തിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ ശല്യപ്പെടുത്തും വിധം ജീപ്പ് ഡ്രൈവർമാരും റിസോർട്ടുകളും നടത്തുന്ന നൈറ്റ് സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണമേർപ്പെടുത്തുമെന്ന് എ രാജ എംഎൽഎ അറിയിച്ചു. .വന്യമൃഗശല്യത്തിൽ നഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാം ലഭ്യമാക്കാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ആനച്ചാൽ, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാർ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്താൻ പൊലീസിനും വനം വകുപ്പിനും ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ നിർദ്ദേശിച്ചു.

