ആലപ്പുഴ: എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയിംസ് വേണമെന്നത് ദീർഘകാലമായി കേരളത്തിന്റെ ആവശ്യമാണ്. ഏത് മാനദണ്ഡം പരിശോധിച്ചാലും കേരളത്തിന് എയിംസ് അനുവദിക്കേണ്ടതാണ്. എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനം ആണ് കേരളം കാഴ്ച വയ്ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നു. ആരോഗ്യകരമായ ചർച്ചയായിരുന്നു നടന്നത്. എന്നാൽ ലിസ്റ്റ് വന്നപ്പോൾ കേരളത്തിന്റെ പേരുണ്ടായിരുന്നില്ലെന്നും കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. പൊതുജനാരോഗ്യ സംവിധാനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനാണ് ഇടതുപക്ഷ സർക്കാർ ഇടപെടുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിന്റെ മുഖഛായ തന്നെ മാറ്റുന്ന വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. പി.എം.എസ്.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായി പുതിയ ബ്ലോക്ക് പണികഴിപ്പിച്ചിട്ടുള്ളത്. ആധുനിക മെഡിക്കൽ ഉപകരണങ്ങൾ സഹിതം ഒമ്പത് സ്പെഷ്യാലിറ്റി വിഭാഗങ്ങളുൾക്കൊള്ളുന്ന മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധന സഹായമുപയോഗിച്ച് 173.18 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യ രംഗത്ത് വലിയ ചുവടുവെപ്പുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, നെഫ്രോളജി, എൻഡോക്രൈനോളജി, കാർഡിയോളജി, കാർഡിയോതൊറാസിക്, ന്യൂറോ സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലായി 200 കിടക്കകളും 50 ഐസിയു കിടക്കകളുമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. 6 പോസ്റ്റ് കാത്ത് ഐ.സി.യു., 6 സ്റ്റെപ് ഡൗൺ ഐ.സി.യു., എട്ട് മോഡ്യുലാർ ഓപ്പറേഷൻ തീയറ്ററുകൾ എന്നിവയും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്കായി തയ്യാറാക്കിയ ആറു നില ബ്ലോക്കിൽ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ആവശ്യമുള്ള ജീവനക്കാരെയുൾപ്പെടെ നിയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട അത്യാധുനിക ചികിത്സാ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളജിൽ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. നമ്മുടെ മെഡിക്കൽ കോളജുകളെ ലോക നിലവാരത്തിലേക്കുയർത്താനുള്ള നടപടികളുമായി നമുക്കൊരുമിച്ച് മുന്നോട്ടുപോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

