പക്ഷിപ്പനി: തിരുവല്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി; ആയിരത്തോളം കോഴികളെയും താറാവുകളെയും കൊല്ലും

തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ലയിലെ നെടുമ്പ്രത്ത് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലെ ആയിരത്തോളം കോഴികളെയും താറാവുകളെയും മൂന്ന് ദിവസത്തിനകം കൊന്നൊടുക്കും. നെടുമ്പ്രം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വളര്‍ത്തു കോഴികള്‍ കഴിഞ്ഞ ദിവസം രോഗം വന്ന് ചത്തതോടെയാണ് തിരുവല്ലയില്‍ പക്ഷിപ്പനി ആശങ്ക ഉയര്‍ന്നത്.

അതേസമയം, തിരുവല്ല മഞ്ഞാടിയിലെയും ഭോപ്പാലിലെയും ലാബുകളില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് എച്ച്5 എന്‍1 വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. രോഗബാധിത പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും കൊണ്ചുവരുന്നതിനും നിരോധനമുണ്ട്.

ഈ മേഖലയിലെ അണുനശീകരണം പൂര്‍ത്തിയാകുന്നതു വരെ കോഴി, മുട്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കരുതെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. എട്ടു വര്‍ഷത്തിന് ശേഷമാണ് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. വളര്‍ത്തു മൃഗങ്ങളുടെ പ്രായമനുസരിച്ച് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.