ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴയിട്ട് ബ്രിട്ടിഷ് പൊലീസ്. പുതിയ ലെവല്‍ അപ്പ് ക്യാമ്പയിനെ കുറിച്ച് ഋഷി സുനക് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ യാത്രക്കിടെ അദ്ദേഹം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെ ബ്രിട്ടീഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയീടാക്കുകയായിരുന്നു.
വടക്കന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഋഷി സുനക് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തത്. കാറിന്റെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന അദ്ദേഹം സീറ്റ് ബെല്‍റ്റ് ഊരി വീഡിയോ ചിത്രീകരിക്കുകയും അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. വീഡിയോ വൈറലായതോടെ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് ബ്രിട്ടീഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു. സംഭവത്തില്‍ റിഷി സുനക് ഖേദം പ്രകടിപ്പിച്ചു. മുമ്പ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും ഋഷി സുനക് വിമര്‍ശന വിധേയനായിരുന്നു.
അതേസമയം, പൊലീസ്, അഗ്‌നിശമന സേന, രക്ഷാ പ്രവര്‍ത്തനങ്ങള്‍, സെര്‍ട്ടിഫൈ ചെയ്ത ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഒഴികെ എല്ലാവരും യാത്രാ സമയത്ത് സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നാണ് ബ്രിട്ടനിലെ നിയമം. ഇല്ലെങ്കില്‍ 100 പൗണ്ടാണ് (ഏകദേശം 10,000 ഇന്ത്യന്‍ രൂപ) പിഴ. കേസ് കോടതിയിലെത്തിയാല്‍ ഇത് 500 പൗണ്ടായി ഉയരും.

