ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏഴ് മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ അവകാശപ്പെടുന്നത്.
ക്രൈസ്തവ വിഭാഗത്തെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാനുള്ള പരിശ്രമവും ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. അടുത്ത വിഷുവിന് കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബിജെപി പ്രവർത്തകർ സ്വന്തം വീടുകളിൽ വിരുന്നൊരുക്കുമെന്ന് പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വീടുകളിൽ ബിജെപി എത്തും. പ്രാദേശിക കാര്യങ്ങളിലടക്കം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ ഇരുമുന്നണികളിൽ കേന്ദ്രീകരിച്ച രാഷ്ട്രീയമാണ് നിലവിലുള്ളത്. രണ്ട് മുന്നണികളും നിഴൽ യുദ്ധമാണ് നടത്തുന്നത്. രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ല. ത്രിപുരയിലടക്കം അവർ ഒന്നിച്ചാണ് മത്സരിക്കുന്നത്. ബംഗാളിലും യഥാർത്ഥത്തിൽ സഖ്യമാണ്. അവസാന നിമിഷം അവർ വോട്ടുകൾ മമതയ്ക്ക് മറിച്ചു നൽകി. നിയമസഭയ്ക്ക് അകത്തും പുറത്തും അവർ എല്ലായ്‌പോഴും ഒരുമിച്ചാണ്. ഇരുമുന്നണികളുടെയും നിഴൽ യുദ്ധം ബിജെപി തുറന്നുകാട്ടും. ക്രിസ്ത്യൻ മുസ്ലിം മതവിഭാഗങ്ങളെ ഒപ്പം നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.