വീർ ഗാർഡിയൻ 2023; ചൈനയ്ക്ക് ആശങ്കയായി ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം

ന്യൂഡൽഹി: എയർഫോഴ്സും ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സും തമ്മിലുള്ള സംയുക്ത വ്യോമാഭ്യാസം പുരോഗമിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യോമാഭ്യാസം അരങ്ങേറുന്നത്. വീർ ഗാർഡിയൻ 2023 എന്നാണ് വ്യോമാഭ്യാസത്തിന്റെ പേര്.

വ്യോമാഭ്യാസത്തിൽ പങ്കെടുക്കാൻ വേണ്ടി ഇന്ത്യൻ വ്യോമസേനയുടെ 150 അംഗ സംഘം ജപ്പാനിൽ എത്തിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റ്, സ്‌ക്വാഡ്രൺ ലീഡർ അവ്‌നി ചതുർവേദി, വ്യോമാഭ്യാസത്തിൽ പങ്കെടുത്തിരുന്നു. രാജ്യത്തിന് പുറത്ത് നടക്കുന്ന ഒരു അന്താരാഷ്ട്ര യുദ്ധ പരിശീലനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ എയർഫോഴ്‌സിലെ ആദ്യത്തെ വനിതാ ഓഫീസറാണ് അവ്‌നി.

അതേസമയം, ഇന്ത്യൻ – ജപ്പാൻ വ്യോമാഭ്യാസത്തിൽ ചൈനയ്ക്ക് ആശങ്കയുണ്ട്. മേഖലയുടെ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഇരു രാജ്യങ്ങളും ബാധ്യസ്ഥരാണെന്നാണ് ചൈനയുടെ പ്രതികരണം. ജനുവരി 12 നാണ് ജപ്പാനിൽ സംയുക്ത വ്യോമാഭ്യാസം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ മിലിറ്ററി തലത്തിലെ ഉദ്യോഗസ്ഥ പരിശീലനമാണ് നടക്കുന്നത്. ഇതിന് ശേഷം എയർ ഡ്രിൽ നടക്കും. ജപ്പാന്റെ എഫ്-2 എഫ് 5 യുദ്ധ വിമാനങ്ങളും ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളും വ്യോമാഭ്യാസത്തിലുണ്ട്. സി 17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങളും അഭ്യാസത്തിന്റെ ഭാഗമാണ്.