തൊടുപുഴ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്റെ മരണത്തിന് ഉത്തരവാദി; വെളിപ്പെടുത്തലിന് പിന്നാലെ ആത്മഹത്യ ചെയ്ത് യുവാവ്

തിരുവനന്തപുരം: പോലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽ ജിത്താണ് ആണ് മരിച്ചത്. 28 വയസായിരുന്നു. പോലീസിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് ആത്മഹത്യയ്ക്ക് മുൻപ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്.

കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളിൽ പൊലീസ് തന്നെ മാത്രം പ്രതിയാക്കിയെന്നും യുവാവ് ആരോപിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചു. പോലീസ് കാരണം 17 ദിവസം മാനസിക രോഗാശുപത്രിയിൽ കഴിഞ്ഞു. തന്റെ ജീവിതം നശിപ്പിച്ച ശേഷം തനിക്ക് എതിരെ കള്ള കേസ് എടുത്ത സർക്കിൾ ഇൻസ്പെക്ടറും പരാതികാരനും സുഖമായി ജീവിക്കുന്നുവെന്നും യുവാവ് പറഞ്ഞിരുന്നു.

അമൽജിത്ത് ഫോൺ വിളിച്ചതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറി. എന്നാൽ, ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. താൻ മരിച്ചുപ്പോയാലും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യുവാവ് പോലീസിനെ അറിയിച്ചിരുന്നു.

പോലീസ് സംഘം വെങ്ങാനൂർ മേഖലയിലെത്തി യുവാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. 8 മിനിറ്റോളം നേരമാണ് യുവാവ് പോലീസിനോട് ഫോണിൽ സംസാരിച്ചത്. പിന്നീട് ഇതിന്റെ ഓഡിയോ ഇയാൾ തന്റെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്തിരുന്നു.