തിരുവനന്തപുരം: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തി. 56 വയസിൽ നിന്ന് 60 ആക്കിയാണ് ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തിയത്. കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ് ഉയർത്തിയത്.
2013 ഏപ്രിൽ ഒന്നിന് മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം 56 ആയി തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജനുവരി ആറിനാണ് സർക്കാർ പെൻഷൻ പ്രായം ഉയർത്തിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
56 എന്ന പെൻഷൻ പ്രായപരിധി 58 ആയി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്ന ജഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശയെത്തുടർന്നായിരുന്നു നടപടി.

