തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ മാത്രം ഇനിയും തീർപ്പാക്കാനുള്ളത് 93,014 ഫയലുകൾ. 2022 ഏപ്രിൽ മുതൽ ഡിസംബർ 15 വരെയുള്ള കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. ആകെയുണ്ടായിരുന്ന 1,75,415 ഫയലുകളിൽ 82,401 എണ്ണമാണ് ഇക്കാലയളവിൽ തീർപ്പാക്കിയത്. 15 ലക്ഷം ഫയലാണ് സെക്രട്ടേറിയറ്റിനു പുറത്ത് 47 വകുപ്പുകളിൽ ഈ കാലയളവിൽ ഉണ്ടായിരുന്നത്. 6,90,000 എണ്ണം ഇതിൽ തീർപ്പാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഫയൽ തീർപ്പാക്കാനുള്ളത് തദ്ദേശ വകുപ്പാണ്. 2,36,000 ഫയലാണ് തദ്ദേശ വകുപ്പ് തീർപ്പാക്കാനുള്ളത്. സെക്രട്ടേറിയറ്റിലും ഏറ്റവും അധികം ഫയൽ തീർപ്പാക്കാനുള്ളത് തദ്ദേശ വകുപ്പാണ്. 15,090 ഫയലാണ് തീർപ്പാക്കാനുള്ളത്.
റവന്യൂ വകുപ്പാണ് രണ്ടാം സ്ഥാനത്ത് 10,012 ഫയൽ ഇവിടെ തീർപ്പാക്കാനുണ്ട്. 8,494 തീർപ്പാക്കാനുള്ള ഫയലുകളുമായി ആരോഗ്യ വകുപ്പ് മൂന്നാം സ്ഥാനത്തും 6,866 തീർപ്പാക്കാനുള്ള ഫയലുകളുമായി ആഭ്യന്തര വകുപ്പ് നാലാം സ്ഥാനത്തും, 5,400 ഫയലുകളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് അഞ്ചാം സ്ഥാനത്തുമുണ്ട്. 5,036 ഫയലുകളാണ് ജലവിഭവ വകുപ്പിൽ തീർപ്പാക്കാനുള്ളത്. മൂന്നു വർഷം വരെ പഴക്കമുള്ള ഫയലുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ഓരോ വകുപ്പിലും തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറെടുക്കുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഫയലുകൾ തീർപ്പാക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ പദ്ധതിയിടുന്നു.

