പിഐബിയുടെ ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന ഏതൊരു വാര്‍ത്തയും നീക്കം ചെയ്യണമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

2021- ലെ ഐടി നിയമ ഭേദഗതി കരടിലാണ് മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിനുപുറമേ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങളും ഭേദഗതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2019- ലാണ് പിഐബി ഫാക്ട് ചെക്കിംഗ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുത പരിശോധിക്കുക എന്നതാണ് ഫാക്ട് ചെക്കിംഗ് യൂണിറ്റിന്റെ പ്രധാന ധര്‍മ്മം.

ഫാക്ട് ചെക്കിംഗ് യൂണിറ്റ്, സര്‍ക്കാര്‍ അംഗീകാരമുള്ള ഫാക്ട് ഇന്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വാര്‍ത്തകള്‍ തെറ്റാണെന്നും വ്യാജമാണെന്നും കണ്ടെത്തിയാല്‍ സോഷ്യല്‍ മീഡിയകള്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയോ, പ്രദര്‍ശിപ്പിക്കുകയോ, അപ്ലോഡ് ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യാന്‍ പാടില്ല. ഇതിനുപുറമേ, വ്യാജ വാര്‍ത്തകളും മറ്റും മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യുകയോ ശേഖരിച്ചുവയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യില്ലെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉറപ്പുവരുത്തേണ്ടതാണ്.