റോസ്ഗർ തൊഴിൽ മേള; 71,000 പേർ കൂടി സർക്കാർ സർവീസിലേക്ക്, പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറി

ന്യൂഡൽഹി: ഗവൺമെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71,000 പേർക്കുള്ള നിയമനക്കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പാണ് തൊഴിൽ മേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുമുള്ള ഉൾപ്രേരകമായി തൊഴിൽ മേള പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നിയമനം ലഭിച്ചവരുമായി ചടങ്ങിൽ പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

പഞ്ചാബ് നാഷണൽ ബാങ്കിലേക്കുള്ള നിയമനക്കത്തു ലഭിച്ച പശ്ചിമ ബംഗാളിൽ നിന്നുള്ള കുമാരി സുപ്രഭ ബിശ്വാസാണു പ്രധാനമന്ത്രിയുമായി ആദ്യം ആശയവിനിമയം നടത്തിയത്. നിയമനത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയതിനും സേവനമനുഷ്ഠിക്കാനുള്ള അവസരമൊരുക്കിയതിനും അവർ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അവരുടെ തുടർപഠനത്തെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. ഐഗോട്ട് മൊഡ്യൂളുമായുള്ള സഹകരണം അവർ വിശദീകരിക്കുകയും മൊഡ്യൂളിന്റെ പ്രയോജനത്തെക്കുറിച്ചു പറയുകയും ചെയ്തു. ജോലിയിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് മോദി ചോദിച്ചു. എല്ലാ മേഖലയിലും പെൺകുട്ടികൾ പുതിയ കുതിപ്പ് നടത്തുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുന്നിൽ വെച്ചുകൊണ്ട് കേന്ദ്രസർക്കാർ ആരംഭിച്ചതാണ് റോസ്ഗർ മേള എന്നും രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാനുള്ള ശ്രമമാണിതെന്നും നിയമന കത്ത് കൈമാറി കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യമെമ്പാടുനിന്നും തെരഞ്ഞെടുക്കപ്പെട്ട, പുതുതായി നിയമനം ലഭിച്ചവർ ജൂനിയർ എൻജിനിയർമാർ, ലോക്കോ പൈലറ്റുകൾ, ടെക്‌നീഷ്യൻമാർ, ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർമാർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, ഗ്രാമീൺ ഡാക് സേവക്, ഇൻകം ടാക്‌സ് ഇൻസ്‌പെക്ടർ, അധ്യാപകർ, നേഴ്‌സുമാർ, ഡോക്ടർമാർ, സാമൂഹ്യ സുരക്ഷാ ഉദ്യോഗസ്ഥർ, പിഎ, എംടിഎസ് തുടങ്ങി കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള വിവിധ തസ്തികകളിൽ/സ്ഥാനങ്ങളിൽ പ്രവർത്തിക്കും.