പക്ഷിപ്പനി: നെടുമ്പ്രത്ത് 950 ഓളം വളര്‍ത്തു പക്ഷികളെ കൊല്ലാന്‍ നീക്കം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. പ്രദേശത്തെ മുഴുവന്‍ പക്ഷികളേയും കൊല്ലാനുള്ള നടപടികള്‍ തുടങ്ങി.

നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലെ 950 ഓളം വളര്‍ത്തു പക്ഷികളെ ഞായറാഴ്ചയോടെ കൊല്ലാനാണ് നീക്കം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പക്ഷികളെ കൊല്ലുന്നത്. നാളെ മുതല്‍ മൂന്നു ദിവസം കര്‍ഷകരുടെ വീടുകളില്‍ എത്തി രോഗ ലക്ഷണങ്ങള്‍ ഉള്ള കോഴികളെ കൊല്ലും. രോഗ വ്യാപന പരിധിയില്‍ കോഴി ഇറച്ചിയും മുട്ടയും വില്‍ക്കുന്ന കടകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, രോഗ വ്യാപന സാധ്യത കണക്കിലെടുത്തു ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗ ബാധിത പ്രദേശം ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ കോഴികള്‍, മുട്ട, ഇറച്ചി തുടങ്ങിയവ നശിപ്പിക്കാന്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ട്.