തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ അടിയന്തരമായി പരിശോധന നടത്തണം; കർശന നിർദ്ദേശവുമായി കളക്ടർ

കൊച്ചി: എറണാകുളം ജില്ലയിലെ തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് നിർദ്ദേശം. ജില്ലാ കളക്ടർ ഡോ. രേണു രാജാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ജില്ലയിലെ പലയിടത്തും ഭക്ഷ്യ വിഷബാധയും ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തി നിയമ ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. പോലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പു മേധാവികൾക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, അങ്കമാലി ഡി പോൾ കേളേജിലെ നാല് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി ലഭിച്ചു. കളമശ്ശേരിയിലെ തനിമ എന്ന ഹോട്ടലിൽ നിന്നും ബീഫ് കഴിച്ച ശേഷമാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വിവിധ ആശുപത്രികളിൽ വിദ്യാർത്ഥികൾ ചികിത്സ തേടുകയും ചെയ്തു.