ന്യൂഡൽഹി: അന്വേഷണ ഏജൻസികൾക്ക് മുമ്പാകെ വാർത്തയുടെ സോഴ്‌സ് വെളിപ്പെടുത്താതിരിക്കാൻ മാധ്യമ പ്രവർത്തകർക്ക് നിയമപരമായ ഇളവ് ഇല്ലെന്ന് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാധ്യമ പ്രവർത്തകർ സോഴ്‌സ് വെളിപ്പെടുത്തണമെന്നാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അഞ്ജനി മഹാജൻ അറിയിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി സോഴ്‌സ് വെളിപ്പെടുത്താൻ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെടാം. ക്രിമിനൽ നടപടി ചട്ട പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും ഏതൊരു വ്യക്തിയോടും ക്രിമിനൽ കേസ് അന്വേഷണവുമായി സഹകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ. രാജ്യത്തെ നിയമങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് ഇതിൽ ഇളവനുവദിച്ചിട്ടില്ലെന്നും കോടതി അറിയിച്ചു.
വ്യാജരേഖ ചമച്ച കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നൽകിയ റിപ്പോർട്ട് തള്ളിയാണ് കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. 2009 ഫെബ്രുവരി ഒമ്പതിന് മുലായം സിംഗ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ചില രേഖകൾ ചില വാർത്താ ചാനലുകൾ പുറത്തുവിട്ടിരുന്നു. മുലായവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിന്റെ തലേന്നായിരുന്നു മാദ്ധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടത്.
മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച രേഖകൾ വ്യാജമാണെന്നും അന്വേഷണ ഏജൻസിയുടെ പ്രതിച്ഛായ തകർക്കാൻ വേണ്ടിയാണ് ഇവ സൃഷ്ടിച്ചതെന്നും ആരോപിച്ച് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വാർത്ത ചാനലുകളോ മാധ്യമ പ്രവർത്തകരോ ആവശ്യപ്പെട്ടിട്ടും രേഖകളുടെ ഉറവിടം വെളിപ്പെടുത്താത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയാണ് സിബിഐ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തത്. ഇതാണ് കോടതി തള്ളിയത്.

