തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വിദ്യാർത്ഥി സമരം ഒത്തുതീർപ്പായത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ശങ്കർ മോഹൻ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി വിദ്യാർത്ഥികൾ ചർച്ച നടത്തിയത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്ക് പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തും. അക്കാദമിക വിഷയങ്ങളിലെ പരാതി പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകും. കോഴ്‌സിന്റെ ദൈർഘ്യം സംബന്ധിച്ചുള്ള കാര്യങ്ങളും സമിതി പഠിക്കും.ഡിപ്ലോമകൾ സമയബന്ധിതമായി നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതുവരെ പഠനം പൂർത്തിയാക്കിയ എല്ലാവർക്കും മാർച്ച് 31നകം സർട്ടിഫിക്കറ്റ് നൽകുമെന്നും ബിന്ദു വ്യക്തമാക്കി.
ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. പ്രധാന അധികാര സമിതികളിൽ വിദ്യാർത്ഥി പ്രാതിനിധ്യം കൊണ്ടുവരും. പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്കൃത വിഭാഗങ്ങളിലും പെട്ട വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും, ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും, സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി രൂപവൽകരിക്കും. അക്കാദമിക് പരാതികൾ പഠിക്കാൻ വിദഗ്ധ സമിതി രൂപവൽകരിക്കും കോഴ്സിന്റെ ദൈർഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അക്കാദമിക് വിഷയങ്ങളിൽ വിദഗ്ധരായവരുടെ സമിതി വരും. ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീർത്തും ശരിയല്ല. അത്തരം പ്രവണതകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും. വിദ്യാർത്ഥികൾക്കിടയിൽ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ വിദ്യാർത്ഥി ക്ഷേമസമിതി രൂപവൽകരിക്കും. ഈ സമിതിയുടെ ചെയർമാൻ സ്വീകാര്യതയുള്ള ഒരു സീനിയർ ഫാക്കൽറ്റി അംഗമായിരിക്കുമെന്നും ചർച്ചയിൽ ധാരണയായി.
കോഴ്സ് ഫീസ് സംബന്ധിച്ച വിഷയവും, വർക് ഷോപ്പുകൾ, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയിൽ ഏർപ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാർത്ഥികൾക്കുള്ള പരാതികളും കമ്മിറ്റി പരിശോധിക്കും. വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളിൽ കേസുകൾ രമ്യമായി പരിഹരിക്കാൻ സംവിധാനമൊരുക്കും. നിർവാഹകസമിതി യോഗങ്ങൾ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പാക്കും. കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. ബൈലോയിലെയും ബോണ്ടിലെയും വിദ്യാർത്ഥികൾ പ്രശ്നങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും ചർച്ചയിൽ തീരുമാനിച്ചു. സമരം ഒത്തുതീർപ്പായെങ്കിലും അടൂരുമായി സഹകരിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

