വിദേശത്തും തരംഗമായി മാളികപ്പുറം; 40 കോടി പിന്നിട്ടു

തിരുവനന്തപുരം: 2022 ഡിസംബര്‍ 30 ന് തിയേറ്റര്‍ റിലീസ് ചെയ്ത ഉണ്ണിമുകുന്ദന്‍ ചിത്രം മാളികപ്പുറം വേള്‍ഡ് വൈഡ് 40 കോടി കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പതിനേഴാമത്തെ ദിവസം ചരിത്രം കുറിച്ച് കേരളത്തില്‍ നിന്നും 3 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ നിന്നും 2 കോടിക്ക് മുകളിലും ആഗോള തരത്തില്‍ നിന്നും 5 കോടിക്ക് മുകളിലും കളക്ഷന്‍ നേടിയിട്ടുണ്ട്.

അയ്യപ്പ ഭക്തന്റെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കാണാന്‍ യുവാക്കളോടൊപ്പം ഫാമിലി ഓഡിയന്‍സാണ് പ്രധാനമായും തിയറ്ററുകളിലെത്തുന്നത്. പ്രേക്ഷകരുടെ പ്രതികരണം പരിഗണിച്ച് എക്സ്ട്രാ ഷോയും സ്‌ക്രീനും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഈ ആഴ്ച റിലീസിന് ഒരുങ്ങുകയാണ്.

ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമ അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് പറയുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, സമ്ബത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് മറ്റ് താരങ്ങള്‍.