മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാക്കണം; വന്യമൃഗങ്ങളെ വേട്ടയാടാൻ ലൈസൻസ് വേണമെന്ന് മാധവ് ഗാഡ്ഗിൽ

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാക്കണമെന്ന് പരിസ്ഥിതി ശാസ്തജ്ഞൻ മാധവ് ഗാഡ്ഗിൽ. വന്യമൃഗങ്ങളെ വേട്ടയാടാൻ ലൈസൻസ് വേണമെന്നും വേട്ടയാടലിന്റെ നിയന്ത്രണാധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടുവ വേട്ട നിരോധിച്ചത് യുക്തിഭദ്രമല്ല. ദേശീയ ഉദ്യാനങ്ങൾക്ക് പുറത്ത് വേട്ട ആകാം. മലിനീകരണം അടക്കമുള്ള പ്രശ്നങ്ങൾ മൂലമാണ് മൃഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നത്. വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമം ഉള്ള ഏകരാജ്യമാണ് ഇന്ത്യ. 1972 ലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരണം. ജനവാസമേഖലകളിൽ ഇറങ്ങുന്ന മൃഗങ്ങളുടെ ജഡം പ്രദേശവാസികൾക്ക് അവരുടെ കഷ്ടപ്പാടുകൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അമേരിക്ക, ആഫിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ ജനങ്ങൾ വന്യമൃഗങ്ങളെ വേട്ടയാടാറുണ്ട്. എത്ര വന്യമൃഗങ്ങളെ കൊല്ലണം എന്നത് സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയം പ്രാദേശിക സമൂഹവുമായി ചർച്ച നടത്തണം. ലൈസൻസ് കൃത്യമായി നൽകണം. ഒരു മനുഷ്യൻ മറ്റുള്ളവർക്ക് ഭീഷണിയാവുകയാണെങ്കിൽ അയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കാറുണ്ട്. പിന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ ജീവന് ഭീക്ഷണിയാകുന്ന ഒരു വന്യമൃഗത്തെ കൊല്ലാൻ സാധിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

1972ലെ വന്യജീവി സംരക്ഷണ നിയമം അസാധുവാക്കി പുതിയ നിയമം കൊണ്ടുവരണം. പ്രാദേശിക ജൈവവ്യവസ്ഥ സംരക്ഷിക്കാൻ തദ്ദേശീയർക്ക് അധികാരം നൽകുന്ന 2002 ലെ ജൈവ വൈവിധ്യനിയമം ഇന്ത്യ നടപ്പാക്കണം. വന്യജീവികളുടെ പെരുപ്പം കുറയ്ക്കുന്നതിന് എതിരായി നിൽക്കുന്നവർ ജനവിരുദ്ധരായ യാഥാസ്ഥിതികരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.