ഫൊക്കാന അവാര്‍ഡ്; മികച്ച മന്ത്രിയായി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ ഈ വര്‍ഷം മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ വെച്ച് നടക്കും. കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്ക് ഫൊക്കാന നല്‍കുന്ന പ്രഥമ അവാര്‍ഡിന് ടൂറിസം, പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്തുവെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ.കലാ ഷാഹി എന്നിവര്‍ അറിയിച്ചു.

കേരളസര്‍വകലാശാലയുമായി ചേര്‍ന്ന് ഫൊക്കാന നല്‍കി വരുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌ക്കാരത്തിനു പുറമെ ഫൊക്കാനയുടെ ചരിത്രത്തിലെ ഏക വനിത അദ്ധ്യക്ഷയായിരുന്ന മറിയാമ്മ പിള്ളയുടെ നാമധേയത്തില്‍ ആതുര ശുശ്രൂഷാ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന നഴ്‌സിനും അടുത്തിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ സതീഷ് ബാബുവിന്റെ സ്മരണയ്ക്കായി പ്രവാസി എഴുത്തുകാരില്‍ നിന്നുമുള്ള മികച്ച രചനയ്ക്കും അവാര്‍ഡ് നല്‍കും.ലകേരളീയം എന്ന സംഘടനയുമായി ചേര്‍ന്നാണ് കേരള കണ്‍വന്‍ഷന്‍ നടത്തുന്നത്. മന്ത്രി വി.ശിവന്‍കുട്ടി, പി.വി അബ്ദുള്‍ വഹാബ് എം.പി, മുന്‍ അംബാസിഡര്‍ ഡോ.ടി.പി ശ്രീനിവാസന്‍ എന്നിവരും കണ്‍വന്‍ഷന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭവന പദ്ധതിയുമായി ചേര്‍ന്ന് 22 വീടുകള്‍ ഫൊക്കാന നിര്‍മ്മിച്ചു നല്‍കും.

അതേസമയം, ഫൊക്കാനയുടെ പ്രവര്‍ത്തനം നോര്‍ത്ത് അമേരിക്കയ്ക്കു പുറത്തേക്ക് വ്യാപിപ്പിക്കുകയാണെന്ന് ഡോ.ബാബു സ്റ്റീഫന്‍ പറഞ്ഞു. ഫൊക്കാനയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫൊക്കാനയുടെ പുതിയ നേതൃത്വം നടപ്പിലാക്കുന്നത്. ചെന്നൈയ്ക്കും ഡല്‍ഹിക്കും പുറമെ ആസ്‌ട്രേലിയയിലും കെനിയയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ ഫൊക്കാന ചാപ്റ്ററുകള്‍ തുടങ്ങും. കടലാസ് സംഘടനെയന്ന പേരുദോഷം കഴിഞ്ഞ അഞ്ചുമാസത്തെ പ്രവര്‍ത്തനത്തിനിടയില്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഫൊക്കാന കമ്മിഷന്‍ സംഘടനയല്ല’- ബാബു സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.