ചെന്നൈ: ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത് യുവമോര്‍ച്ചാ നേതാവും ബാംഗ്‌ളൂര്‍ സൗത്ത് മണ്ഡലത്തില്‍ നിന്നുളള ലോക്സഭാംഗവുമായ തേജസ്വി സൂര്യയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിച്ചു. എന്നാല്‍, അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തേജസ്വി സൂര്യ ക്ഷമാപണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പളളിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതാണ് വാര്‍ത്തയായത്. ഡിസംബര്‍ 10ന് നടന്ന സംഭവത്തില്‍ ഇന്‍ഡിഗോ പത്രക്കുറിപ്പിറക്കിയത് കഴിഞ്ഞ ദിവസമാണ്. തേജസ്വി സൂര്യയാണ് ഇങ്ങനെ ചെയ്തതെന്ന് വിമാനത്തിലെ മറ്റ് യാത്രക്കാര്‍ അന്ന് തന്നെ പറഞ്ഞിരുന്നു.
അതേസമയം, ‘സംഭവം നടന്നയുടന്‍ തേജസ്വി സൂര്യ തന്നെയാണ് ഇക്കാര്യം പൈലറ്റിനെയും ക്രൂവിനെയും അറിയിച്ചത്. വിമാനം റണ്‍വെയിലായിരുന്നപ്പോള്‍ അദ്ദേഹം അബദ്ധത്തില്‍ വാതില്‍ തുറന്നു. സംഭവത്തില്‍ അദ്ദേഹം ക്ഷമ പറഞ്ഞിട്ടുണ്ട്’- മന്ത്രി അറിയിച്ചു.

