2.13 കോടി രൂപ അനുവദിച്ചു; 23 പുതിയ വാഹനങ്ങൾ വാങ്ങാൻ എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: 23 പുതിയ വാഹനങ്ങൾ വാങ്ങാൻ എക്‌സൈസ് വകുപ്പ്. 23 മഹീന്ദ്ര നിയോ വാഹനങ്ങളാണ് വാങ്ങുന്നത്. ലഹരിക്കടത്ത് പരിശോധന ശക്തമാക്കാനാണ് നടപടി. ഇതിനായി വകുപ്പിന്റെ നവീകരണ (പ്ലാൻ) ബജറ്റ് ഫണ്ടിൽ നിന്ന് 2.13 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ വാഹനത്തിനും ചെലവഴിക്കുക ഒമ്പതുലക്ഷത്തോളം രൂപയാണ്. ഫെബ്രുവരിയോടെ വാഹനം നിരത്തിലിറങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എക്‌സൈസിന് ആകെ 362 നാലുചക്ര വാഹനങ്ങളുണ്ട്. ഇതിൽ 132 വാഹനങ്ങൾ കാലപ്പഴക്കം വന്നവയാണ്.

എക്‌സൈസിന്റെ വാഹനങ്ങളിൽ ഭൂരിഭാഗവും മൂന്നരലക്ഷം എന്ന കിലോമീറ്റർ പരിധി പിന്നിട്ടവയാണ്. ഇവയ്‌ക്കെല്ലാം ഇടക്കിടെ അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നുണ്ട്. ഇത് ധനവകുപ്പിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ വാഹനങ്ങൾ എക്‌സൈസ് വാങ്ങുന്നത്. അതേസമയം, തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരത്ത് 24 മണിക്കൂറും പട്രോളിങ് നടത്താൻ നാല് വാഹനങ്ങൾ അനുവദിച്ചു.നാല് മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാനാണ് അനുമതിയായത്. 36 ലക്ഷം രൂപ ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങാനാണ് അനുമതി.