കൊച്ചി: സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്ന അന്വേഷണസംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസ ഹർജിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ട് സജി ചെറിയാനെ സംരക്ഷിക്കുന്നതാണെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടുമാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
എന്നാൽ കേസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും ഹർജിക്കാരന് അവിടെ ഈ ആവശ്യം ഉന്നയിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം, മന്ത്രി സജി ചെറിയാന് അനുകൂലമായ പോലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.
സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്നും വിമർശനമാണ് നടത്തിയിട്ടുള്ളതെന്നും വ്യക്തമാക്കിയാണ് പോലീസ് റഫർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.

