ഭാരത് ജോഡോ യാത്ര; സമാപനത്തിൽ പങ്കെടുക്കാൻ സിപിഐ പ്രതിനിധികൾ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാൻ സിപിഐ പ്രതിനിധികൾ. ജനറൽ സെക്രട്ടറി ഡി രാജയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇക്കാര്യം സിപിഐ അറിയിച്ചിട്ടുണ്ട്. മികച്ച ഇന്ത്യയെ രൂപപ്പെടുത്താൻ ഒരുമിച്ച് നിൽക്കുകയെന്ന ആശയം തങ്ങളെ പ്രചോദിപ്പിക്കുന്നതായി അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ 21 രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ലഭിച്ചിരുന്നു. സമാന ചിന്താഗതിക്കാരായ 21 പാർട്ടികൾക്കാണ് ക്ഷണം നൽകുന്നത്. ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയാണ് ഈ പാർട്ടികളുടെ അധ്യക്ഷന്മാർക്ക് കത്തയച്ചത്.

ജനുവരി 30 ന് ശ്രീനഗറിൽ വെച്ചാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്. തൃണമൂൽ കോൺഗ്രസ്, നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ്, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി, മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികൾക്ക് ക്ഷണം നൽകിയിട്ടുണ്ട്. എന്നാൽ, ആംആദ്മി പാർട്ടിയ്ക്ക് ക്ഷണം ലഭിച്ചില്ല.

രാജ്യത്ത് വ്യാപിക്കുന്ന വിദ്വേഷത്തിനും അക്രമത്തിനുമെതിരെ സ്വയം പോരാടാനും സത്യത്തിന്റെയും ദയയുടെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഈ പരിപാടിയിൽ നാം പ്രതിജ്ഞാബദ്ധമാണെന്നാണ് ഖാർഗെ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനു പുറമെ ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എല്ലാവർക്കും നീതി എന്നിവയുടെ സംരക്ഷണവും നമ്മുടെ ചുമതല തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.