ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുന്നത് ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ നിഷ്‌ക്രിയത്വമാണ് വ്യക്തമാക്കുന്നത്; വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുന്നത് ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ നിഷ്‌ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിശോധനകൾ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധകൾ ജനങ്ങളെ ഭീതിപ്പെടുത്തുന്നതാണ്. പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ എഴുപതോളം പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞപ്പോൾ തന്നെ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നവർക്ക് മതിയായ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആരുടെയും ആരോഗ്യസ്ഥിതിയിൽ പേടിക്കേണ്ടതൊന്നും ഇല്ലെന്നാണ് നിലവിൽ ലഭ്യമായിട്ടുള്ള വിവരം. ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടൽ നഗരസഭ പൂട്ടിച്ചു. മേഖലയിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും വി ഡി സതീശൻ കൂട്ടിച്ചേർത്തു.