ന്യൂഡൽഹി: ബിജെപി. ദേശീയ നിർവാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും ബിജെപി നേതാക്കളും അണികളും എത്തിച്ചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് പരിഗണനകൾ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഏറ്റവും മികച്ച യുഗം വരാനിരിക്കുന്നതേയുള്ളു. വികസനത്തിനായി നമ്മൾ സ്വയം സമർപ്പിക്കണം. അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വേണം പ്രവർത്തിക്കേണ്ടത്. പ്രതിപക്ഷത്തെ ചെറുതായി കാണരുത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം. അവരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് വോട്ട് ഉറപ്പാക്കണമെന്നും മോദി യോഗത്തിൽ പറഞ്ഞു.
ബൊഹ്റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കൾ എത്തിച്ചേരണം. ഒരു രാഷ്ട്രീയ പ്രസ്ഥാനം മാത്രമല്ല, നിലവിൽ ബിജെപി സാമൂഹിക പ്രസ്ഥാനം കൂടിയാണ്. സാമുഹിക-സാമ്പത്തിക സാഹചര്യങ്ങളെ പരിവർത്തനം ചെയ്യാൻ പ്രയത്നിക്കുന്ന സാമുഹിക പ്രസ്ഥാനമാണിത്. 18 നും 25 നും മധ്യേയുള്ള യുവാക്കൾ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷികളായിട്ടില്ല. മുൻ കേന്ദ്രസർക്കാരുകളുടെ കാലത്ത് ഉണ്ടായ അഴിമതിയും കൊള്ളരുതായ്മകളും അവർക്ക് അറിയില്ല. ഇതിനെ കുറിച്ച് അവരെ ബോധവത്കരിക്കണം. ബിജെപിയുടെ സദ്ഭരണത്തെ കുറിച്ച് അവരുടെയിടയിൽ അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പ്രചാരണത്തിന് മോദി വന്നാൽ ബിജെപി ജയിക്കുമെന്ന വിധത്തിലുള്ള അമിത ആത്മവിശ്വാസം പാടില്ലെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നാൽ ജയിക്കുമെന്ന മാനസികനിലയോടെ പ്രവർത്തിക്കരുത്. പാർട്ടി ജയിക്കണമെങ്കിൽ പ്രവർത്തകർ കഠിനാദ്ധ്വാനം ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

