ഗുണ്ടകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് സർക്കാർ; മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും സ്ഥലം മാറ്റും

തിരുവനന്തപുരം: ഗുണ്ടകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും സ്ഥലം മാറ്റാനാണ് സർക്കാരിന്റെ തീരുമാനം. സ്റ്റേഷനിലെ എസ്എച്ച്ഒ സജീഷിനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സജീഷിനെ സസ്പെൻഡ് ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടാ മാഫിയകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി കർശനമാക്കാൻ തീരുമാനിച്ചത്. ഗുണ്ടകളുമായി ബന്ധമുള്ള ഡി വൈ എസ് പി മാർക്കെതിരായ നടപടി ശുപാർശ അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ കർശനമാക്കുന്നത്. 160 ഓളം എസ്എസ്ഒമാർക്ക് സ്ഥലംമാറ്റമുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.