സംസ്ഥാനത്തിന് കിഫ്ബി കൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളു; തകർക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് കിഫ്ബി കൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പാക്കാൻ ശ്രമിക്കുന്ന വികസന പദ്ധതികൾക്ക് ഇതുവരെ തടസം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കിഫ്ബിയെ തകർക്കാൻ ശ്രമിച്ചാൽ നടക്കില്ല. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുൾപ്പെടെ കിഫ്ബിക്കെതിരെ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകൾക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കുന്നുണ്ട്. എന്നാൽ രണ്ടുപദ്ധതികളും മുടക്കമില്ലാതെ നടക്കുന്നുണ്ട്. 2020ൽ 6000 കോടിയും കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ഏകദേശം 18,000 കോടിയും കൈമാറി. ഇതുവരെ സാമ്പത്തിക പ്രശ്നമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരവധി വികസന പദ്ധതികളാണ് കിഫ്ബിയുടെ സഹായത്തോടെ നടന്നുവരുന്നത്. ഒരുലക്ഷം കോടിയുടെ ദേശീയപാത പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പദ്ധതികൾ കിഫ്ബിയുടെ പരിധിയിൽപ്പെടും. അതെല്ലാം പൂർത്തിയാക്കുമെന്ന്ും ബജറ്റ് നിർദേശങ്ങളിൽ കിഫ്ബി പദ്ധതി ഉൾപ്പെടുത്തരുതെന്ന് എംഎൽഎമാർക്ക് ധനവകുപ്പിൽ നിന്ന് കത്തെഴുതിയെന്ന റിപ്പോർട്ടുകളിൽ വസ്തുതയില്ലെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.