തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റി – പാഠ്യപദ്ധതി കോർ കമ്മിറ്റി സംയുക്ത യോഗത്തിലാണ് അംഗീകാരം. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
പ്രീ സ്‌കൂൾ, 1,3,5,7,9 ക്ലാസുകൾക്ക് 2024-25 അക്കാദമിക വർഷവും 2,4,6,8,10 ക്ലാസുകൾക്ക് 2025-26 അക്കാദമിക വർഷവും പുതിയ പാഠപുസ്തകത്തിലാണ് അധ്യയനം നടക്കുക. ഈ മാസം 31 ന് പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും. മാർച്ച് 31 ന് കരിക്കുലം ഫ്രെയിംവർക്ക് പ്രസിദ്ധീകരിക്കും. ഏപ്രിൽ മാസത്തോട് കൂടി ടെക്സ്റ്റ്ബുക്ക് രചന ആരംഭിക്കും. ആദ്യഘട്ട ടെക്സ്റ്റ്ബുക്ക് രചന ഈ വർഷം ഒക്ടോബർ 31 നകം പൂർത്തിയാക്കും.
വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് സർക്കാർ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 2007 നു ശേഷം സമഗ്രമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
കേരളത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്കു മികച്ച ഭാവി ഉറപ്പാക്കുന്നതിനാണു പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ കേരള സർക്കാർ ഉദ്ദേശിക്കുന്നത്. പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് ആധാരമായ നിലപാട് രേഖകൾ തയ്യാറാക്കുന്നതിലും ജനങ്ങളുടെ അഭിപ്രായം സർക്കാർ സ്വീകരിച്ചു. ഇതിനായി 26 മേഖലകളുടെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ നിശ്ചയിച്ചു. വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയാറാക്കിയ ജനകീയ ചർച്ചയ്ക്കുള്ള കുറിപ്പ് പ്രസിദ്ധീകരിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. സ്‌കൂൾതലം മുതൽ ജില്ലാതലം വരെ വിപുലമായ ജനകീയ ചർച്ചകളാണു സംഘടിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചരിത്രത്തിലാദ്യമായി കുട്ടികളോട് അഭിപ്രായമാരാഞ്ഞു കൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത്. കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സർക്കാർ തീരുമാനം. 2022 നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ ക്ലാസ് മുറികളിലും ചർച്ച സംഘടിപ്പിച്ചു. കുട്ടികളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാകുമെന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

