ആർഎസ്എസിനൊപ്പം പ്രവർത്തിക്കുന്നതിനേക്കാൾ മരിക്കുന്നതിനാണ് താൻ താത്പര്യപ്പെടുന്നത്: രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) ഒപ്പം പ്രവർത്തിക്കുന്നതിനേക്കാൾ മരിക്കുന്നതിനാണ് താൻ താത്പര്യപ്പെടുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തനിക്കൊരിക്കലും ആർഎസ്എസിലേക്ക് പോകാനാവില്ലെന്നും അതിന് മുമ്പ് നിങ്ങളെന്റെ ശിരച്ഛേദം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ കുടുംബത്തിന് ഒരു ആശയവും ഒരു ചിന്താരീതിയുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹോദരനും ബിജെപി നേതാവുമായ വരുൺ ഗാന്ധിയെ കാണാനോ സ്നേഹപൂർവം ആലിംഗനം ചെയ്യാനോ തനിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വരുൺ ഗാന്ധി പിന്തുടരുന്ന രാഷ്ട്രീയ ആശയത്തോടാണ് തനിക്ക് വിയോജിപ്പുള്ളത്. വരുൺ ഒരിക്കൽ തിരഞ്ഞെടുത്ത രാഷ്ട്രീയ ആശയം ഇപ്പോഴും പിന്തുടരുന്നു. ആ ആശയത്തിൽ അദ്ദേഹം മുഴുകിയിരിക്കുകയാണ്. പക്ഷെ, തനിക്ക് ആ ആശയം അംഗീകരിക്കാനാകുന്നതല്ല. എന്റെ ആശയം അദ്ദേഹത്തിന്റെ ആശയവുമായി ഒത്തുപോകില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

വരുൺ ബിജെപി പ്രവർത്തകനാണ്. ഭാരത് ജോഡോ യാത്രയിലേക്ക് വന്നാൽ ചിലപ്പോൾ അത് അദ്ദേഹത്തിന് പ്രശ്നമുണ്ടാക്കിയേക്കാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.