പാകിസ്ഥാന്‍ പ്രതിസന്ധി: ഇന്ത്യയെ കണ്ട് പഠിക്കൂ എന്ന് ഭരണകൂടത്തോട് മാധ്യമങ്ങള്‍

ഇസ്ലാമാബാദ്: ‘ഞങ്ങള്‍ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ നടത്തി, അവ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നല്‍കിയതെന്ന്’ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കമാണ് പാകിസ്ഥാനെ കൂടുതല്‍ പ്രതിസന്ധിയിലെത്തിച്ചത്. ഭക്ഷ്യ വിലക്കയറ്റത്തിനും, ക്ഷാമത്തിനും ഉത്തരവാദിയായി ഭരണകൂടത്തെയാണ് ജനം പഴിക്കുന്നത്. തങ്ങളുടെ മണ്ണില്‍ ഭീകരത വിതച്ച് മറ്റുരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രീതിയാണ് പാകിസ്ഥാന്‍ ആവര്‍ത്തിച്ചത്. എന്നാല്‍, തെഹ്രീക് താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, ഗുല്‍ ബഹാദൂര്‍ ഗ്രൂപ്പ് എന്നിവരുടെ വളര്‍ച്ച ഇപ്പോള്‍ രാജ്യത്തിനുള്ളില്‍ തന്നെ യഥേഷ്ടം ഭീകരത അഴിച്ചുവിടുകയാണ്. 2022ല്‍ മാത്രം ടിടിപിയുടെ ആക്രമണത്തില്‍ ആയിരം പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പുതുവര്‍ഷം പിറന്നിട്ടും വിദേശനാണ്യ പ്രതിസന്ധിയിലൊരു മാറ്റമുണ്ടാകുമെന്ന് പാകിസ്ഥാന് പ്രതീക്ഷയൊന്നുമില്ല. ഈ മാസം ആറിന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ കൈവശമുള്ള ഫോറെക്‌സ് കരുതല്‍ ശേഖരം 4.343 ബില്യണ്‍ ഡോളറായി കുറഞ്ഞു, ഇത് യുഎഇ ആസ്ഥാനമായുള്ള രണ്ട് ബാങ്കുകള്‍ക്ക് 1 ബില്യണ്‍ ഡോളറിന്റെ വാണിജ്യ വായ്പ തിരിച്ചടച്ചതിന് ശേഷം വെറും മൂന്നാഴ്ചത്തെ ഇറക്കുമതിക്കുള്ള തുകമാത്രമാണ്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ നിരവധി സാധനങ്ങള്‍ ഇറക്കുമതി പട്ടികയില്‍ നിന്നും സര്‍ക്കാര്‍ എടുത്തുമാറ്റി. ഐഎസ്ഐയും, സൈന്യവും നാട്ടുകാരില്‍ നിന്ന് ഭൂമി തട്ടിയെടുക്കുകയാണെന്ന് ഈയിടെ ഗില്‍ജിത്ബാള്‍ട്ടിസ്ഥാനിലെ നാട്ടുകാര്‍ ആരോപിച്ചു. മുന്‍പും ഇത് നടന്നിട്ടുണ്ടെന്നും എന്നാല്‍ ഇനി അടങ്ങിയിരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നുമാണ് ജനക്കൂട്ടം അറിയിച്ചത്. പാക് അധീന കാശ്മാരില്‍ ഇന്ത്യയെ അനുകൂലിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്.

ഇതിനിടയിലും, ഒരു പാക് മാദ്ധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈയിടെ പ്രശംസിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ഇന്ത്യയുടെ വിദേശനയം സമര്‍ത്ഥമായി മുന്നേറുന്നതായും ഇന്ത്യയുടെ ജിഡിപി മൂന്ന് ട്രില്യണ്‍ യുഎസ് ഡോളറിലേക്ക് വളര്‍ന്നതായും എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തുണ്ടാവുന്ന മാറ്റത്തിന്റെ തെളിവാണ്. എന്നാല്‍, പാകിസ്ഥാനികളുടെ മനസിലും മോദി സ്തുതി ഉയരുന്നത് പാക് ഭരണകൂടം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ നവംബറില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരസ്യമായി ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തിയിരുന്നു. ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തുടര്‍ച്ചയായി പാക് പ്രധാനമന്ത്രിയില്‍ നിന്നുമുള്ള പ്രസ്താവനയും ശ്രദ്ധേയമാണ്.