സാങ്കേതിക സർവകലാശാലയിലും ആർത്തവാവധി അനുവദിക്കാൻ തീരുമാനം; എല്ലാ കോളേജിലും അവധി നൽകും

കൊച്ചി: സാങ്കേതിക സർവകലാശാലയിലും ആർത്തവാവധി അനുവദിക്കാൻ തീരുമാനം. സർവകലാശയ്ക്ക് കീഴിലെ എല്ലാ കോളേജിലും ആർത്തവാവധി അനുവദിക്കാനാണ് തീരുമാനം. ബോർഡ് ഓഫ് ഗവേർണൻസാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു നേരത്തെ അറിയിച്ചിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നത്.

എസ്എഫ്‌ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്റെ ആവശ്യ പ്രകാരമാണ് കുസാറ്റിൽ ആർത്തവാവധി നൽകാൻ തീരുമാനിച്ചത്. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു.

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. ഇത് മറ്റു സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.