പെരിന്തൽമണ്ണയിലെ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരം; വോട്ടുപെട്ടി ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണയിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. സംഭവം അതീവ ഗുരുതരമാണെന്ന് കോടതി വ്യക്തമാക്കി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജിയിൽ വാദം കേൾക്കവെയായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ബാലറ്റുകൾ കാണാതായത് സംബന്ധിച്ച അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലോ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലോ നടക്കണമെന്നാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ കസ്റ്റഡിയിൽ ബാലറ്റുകൾ സൂക്ഷിക്കാനാണ് നിലവിലെ തീരുമാനം. അതേസമയം, കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തു. ജനുവരി 30 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

348 സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ പെരിന്തൽമണ്ണ സബ് ട്രഷറിയിലായിരുന്നു സൂക്ഷിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പെട്ടികളിലൊന്ന് മലപ്പുറം സഹകരണ ജോയിന്റ് രജസിസ്റ്റാൻ ഓഫീസിലേക്ക് മാറ്റി. സ്‌പെഷ്യൽ തപാൽ വോട്ടുകൾ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റാനായി ഇന്നലെ ഉദ്യോഗസ്ഥരെത്തിയപ്പോൾ മാത്രമാണ് ഇക്കാര്യം റിട്ടേണിങ് ഓഫീസറുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടത്. നിയമസഭ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകളുടെ ഒരു പെട്ടിയും കൂട്ടത്തിൽ ഉൾപ്പെട്ടുപോയെന്നാണ് ഉദ്യാഗസ്ഥർ ഇക്കാര്യത്തിൽ നൽകിയ മറുപടി.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നാണ് റിട്ടേണിങ് ഓഫീസറായ സബ് കലക്ടർ നൽകിയ റിപ്പോർട്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം നശിപ്പിക്കാൻ വേണ്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് സാമഗ്രികൾ പെരിന്തൽമണ്ണയിൽ നിന്നും മലപ്പുറത്തേക്ക് മാറ്റിയത്. ഇക്കൂട്ടത്തിൽ ഉൾപ്പെട്ടു പോയ നിയമസഭ തെരഞ്ഞെടുപ്പിലെ നിർണ്ണായക തപാൽ വോട്ടുകളും ഭാവിയിൽ നശിപ്പിക്കപ്പെട്ടു പോയേക്കുമായിരുന്നു.