രാജ്യത്ത് 128 മരുന്നുകളുടെ വില പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: ആന്റിബയോട്ടിക്കുകളും ആന്റിവൈറല്‍ മരുന്നുകളും ഉള്‍പ്പെടെ 128 മരുന്നുകളുടെ വില ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റര്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി പരിഷ്‌കരിച്ചു. ഇതില്‍ മോക്‌സിസില്ലിന്‍, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പ്പുകളും ഉള്‍പ്പെടുന്നു. വാന്‍കോമൈസിന്‍, ആസ്ത്മ മരുന്ന് സാല്‍ബുട്ടമോള്‍, കാന്‍സര്‍ മരുന്ന് ട്രാസ്റ്റുസുമാബ്, ബ്രെയിന്‍ ട്യൂമര്‍ ചികിത്സ മരുന്ന് ടെമോസോളോമൈഡ്, വേദനസംഹാരിയായ ഇബുപ്രോഫെന്‍, പാരസെറ്റമോള്‍ എന്നിവയുടെ വിലയും പരിഷ്‌കരിച്ചിട്ടുണ്ട്.

അതേസമയം, ഒരു അമോക്‌സിസിലിന്‍ ക്യാപ്സ്യൂളിന്റെ പരിധി വില 2.18 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സിറ്റിറിസിന്‍ ഒരു ഗുളിക 1.68 രൂപ, അമോക്‌സിസിലിന്‍, ക്ലാവുലാനിക് ആസിഡ് കുത്തിവയ്പ്പ് 90.38 രൂപ, ഇബുപ്രോഫെന്‍ 400 മില്ലിഗ്രാം ഗുളിക 1.07 രൂപ എന്നിങ്ങനെയുമാക്കി. പാരസെറ്റമോള്‍, ഫിനൈല്‍ഫ്രിന്‍ ഹൈഡ്രോക്ലോറൈഡ്, ഡിഫെന്‍ഹൈഡ്രാമൈന്‍ ഹൈഡ്രോക്ലോറൈഡ്, കഫീന്‍ എന്നിവയുടെ ഒരു ഗുളികയുടെ ചില്ലറ വില 2.76 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ആന്റി ഡയബറ്റിസ് കോമ്പിനേഷന്‍ മരുന്നായ ഗ്ലിമെപിറൈഡ്, വോഗ്ലിബോസ്, മെറ്റ്ഫോര്‍മിന്‍ (എക്സ്റ്റന്‍ഡഡ് റിലീസ്) എന്നിവയുടെ ഒരു ടാബ്ലെറ്റിന്റെ ചില്ലറ വില 13.83 രൂപയാണ്.

ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്ന എല്ലാ നിര്‍മ്മാതാക്കളും ബ്രാന്‍ഡുകളും ഉയര്‍ന്ന വിലയ്ക്കാണ് വില്‍പന നടത്തുന്നത്. ഒപ്പം ജിഎസ്ടി കൂടി വരുമ്പോള്‍ വില വീണ്ടും ഉയരുന്നു.