ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അൽ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.
മേഖലയിൽ സമാധാനം ഉണ്ടായാൽ മാത്രമേ ഇന്ത്യയും പാക്കിസ്ഥാനും വളരാൻ കഴിയൂ. നമുക്ക് എൻജിനിയർമാരും ഡോക്ടർമാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്. സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മിൽത്തല്ലി സമയം കളയണോ എന്നു നമ്മൾ തന്നെ തീരുമാനിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്താൻ ഇന്ത്യയുമായി നടത്തിയത് മൂന്നു യുദ്ധങ്ങളാണ്. കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്. തങ്ങൾ പാഠം പഠിച്ചുകഴിഞ്ഞു, ഇനി സമാധാനത്തോടെ ജീവിക്കണം. അതോടൊപ്പം യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കാനും നമുക്കു കഴിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, പാകിസ്താനിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്..

