കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം; എസ്.എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഭേദഗതിയുമായി ഹൈക്കോടതി

കൊച്ചി: വഞ്ചനാ കേസുകളിലും എസ്.എന്‍ ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയുമായി ഹൈക്കോടതി. കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ബൈലോ പുതുക്കിയത്.

അതേസമയം, ട്രസ്റ്റിന്റെ സത്യസന്ധമായ വാദത്തിനെ പോലും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഭേദഗതി വരുത്തിയത്. ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ഭേദഗതി വരുത്തണമെന്നായിരുന്നു ജയപ്രകാശിന്റെ വാദം. ട്രസ്റ്റ് സ്വത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി ഇരുന്നാല്‍ കേസ് നടപടികള്‍ കാര്യക്ഷമമായി നടക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയില്‍ മാറ്റം വരുത്തുകയല്ല, മറിച്ച് നിയമത്തില്‍ തന്നെ ഭേദഗതി വരുത്തുകയാണ് കോടതി ചെയ്തത്. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കും.