ബംഗളൂരു: സോണിയാ ഗാന്ധിയെ കുറിച്ചും ഇന്ധിരാ ഗാന്ധിയെ കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യൻ പാരമ്പര്യം പഠിക്കാൻ സോണിയ ഗാന്ധി ആദ്യം പ്രയാസപ്പെട്ടെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. സോണിയാ ഗാന്ധിയ്ക്ക് രാഷ്ട്രീയം ഇഷ്ടമല്ലായിരുന്നുവെന്നും പ്രിയങ്കാ ഗാന്ധി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീ കേന്ദ്രീകൃത കൺവെൻഷനെ അഭിസംബോധന ചെയ്യവെയാണ് പ്രിയങ്കാ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ വളർത്തിയത് ധീരരും ശക്തരുമായ രണ്ട് സ്ത്രീകളാണ് തന്നെ വളർത്തിയത്. ഇന്ദിരാഗാന്ധിക്ക് 33 വയസ്സുള്ള മകനെ നഷ്ടപ്പെടുമ്പോൾ തനിക്ക് എട്ട് വയസ്സായിരുന്നു. എന്നാൽ, സഞ്ജയ് ഗാന്ധിയുടെ മരണത്തിന്റെ അടുത്ത ദിവസം തന്നെ അവർ രാജ്യത്തെ സേവിക്കാൻ ജോലിക്ക് പോയി. അത് അവരുടെ കടമയും ആന്തരിക ശക്തിയും ആയിരുന്നു. മരിക്കുന്നതുവരെ ഇന്ദിരാഗാന്ധി രാഷ്ട്രസേവനം തുടർന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
സോണിയ രാജീവ് ഗാന്ധിയുമായി പ്രണയത്തിലായത് 21-ാം വയസ്സിലാണ്. പിന്നീട് രാജീവ് ഗാന്ധിയെ വിവാഹം ചെയ്യാനായി ഇറ്റലിയിൽ നിന്ന് സോണിയ ഗാന്ധി ഇന്ത്യയിലേക്ക് വന്നു. നമ്മുടെ പാരമ്പര്യം പഠിക്കാൻ സോണിയാ ഗാന്ധി വളരെയധികം പ്രയാസപ്പെട്ടുവെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
പിന്നീട് സോണിയാ ഗാന്ധി ഇന്ത്യയുടെ രീതികൾ പഠിച്ചു. ഇന്ദിരാ ഗാന്ധിയിൽ നിന്ന് അവരെല്ലാം പഠിച്ചെടുത്തു. സോണിയക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത് 44-ാം വയസ്സിലാണ് രാഷ്ട്രീയം ഇഷ്ടമല്ലാതിരുന്നിട്ടും രാജ്യസേവനത്തിനായി അവർ ആ മാർഗം തെരഞ്ഞെടുത്തു. ഇന്ന് 76-ാം വയസ്സിലും അവരാ സേവനം തുടരുകയാണ്. നിങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും, അതെത്ര വലിയ ദുരന്തമായാലും , നിങ്ങളുടെ പോരാട്ടം എത്ര ആഴത്തിലുള്ളതായാലും തനിച്ച് നിന്ന് പോരാടാനുള്ള ധൈര്യം ഉണ്ടാവണം എന്ന പ്രധാനപ്പെട്ട ഒരു കാര്യം സോണിയാ ഗാന്ധി ഇന്ദിരാ ഗാന്ധിയിൽ നിന്ന് പഠിച്ചെടുത്തുവെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

