കോട്ടയം: കെ. ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എതിരെ നിരന്തരം മാനസിക പീഡനങ്ങളും നടക്കുന്നുവെന്ന് ഉന്നതതല കമ്മീഷന്റെ കണ്ടെത്തി. ചലച്ചിത്ര പഠനം, പരിശീലനം എന്നിവയെപ്പറ്റി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
സ്ഥാപനത്തിന്റെ ഡയറക്ടറായി 2019ല്‍ ശങ്കര്‍ മോഹന്‍ ചുമതലയേറ്റതിനു ശേഷം ജാതീയ വിവേചനങ്ങളും മാനസിക പീഡനങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍ന്നു. ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിനായി 3 അംഗ സമിതിയെ നിയോഗിച്ചുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡയറക്ടറുടെ തെറ്റായ നടപടികളെക്കുറിച്ച് ജീവനക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ വിശദമായ മൊഴിയും ഗുരുതരമായ കണ്ടെത്തലുകളും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, മുന്‍ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്ടറുമായ കെ ജയകുമാര്‍, ന്യുവാല്‍സ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍ കെ ജയകുമാര്‍ എന്നിവരാണ് ഉന്നത കമ്മീഷന്‍ അംഗങ്ങള്‍. റിപ്പോര്‍ട്ട് താമസിയാതെ സര്‍ക്കാര്‍ പുറത്തുവിടും. എന്നാല്‍, ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സ് ഈ മാസം 21 വരെ അടച്ചിടാന്‍ കളക്ടര്‍ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ല.

