കാഠ്മണ്ഡു: ഉദ്ഘാടനത്തിന് ശേഷം വെറും രണ്ടാഴ്ച്ചയാകുമ്പോഴാണ് നേപ്പാളിലെ പൊഖാറ വിമാനത്താവളത്തിൽ വിമാനാപകടം ഉണ്ടായത്. ജനുവരി ഒന്നിനായിരുന്നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചൈനയുടെ സഹകരണത്തോടെയാണ് നേപ്പാൾ വിമാനത്താവളത്തിന്റെ പണി പൂർത്തിയാക്കിയത്. എന്നാൽ, പണി പൂർത്തിയാകുന്നതിന് മുന്നെയാണ് വിമാനത്താവളം തുറന്നുകൊടുത്തതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
വിമാനത്താവളത്തിന്റെ നിർമാണച്ചുമതല സി.എ.എം.സി. എൻജിനീയറിങ്ങിനായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസമാണ് വിമാനത്താവളത്തിന്റെ പണി പൂർത്തിയായതായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നേപ്പാളിനെ അറിയിച്ചത്. തുടർന്ന് ജനുവരി ഒന്നിന് പ്രധാനമന്ത്രി പുഷ്പ കമാൽ ദാഹൽ വിമാനത്താവളം തുറന്നുനൽകുകയായിരുന്നു. വിമാനത്താവളത്തിന്റെ നിർമാണത്തിനായി ചൈന ഉപയോഗിച്ച സാധന സാമഗ്രികളെന്തെല്ലാമാണെന്ന് പരിശോധിക്കുമെന്നാണ് നേപ്പാളിലെ ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
1400 കോടിയോളം രൂപയായിരുന്നു വിമാനത്താവളത്തിന്റെ നിർമ്മാണ ചെലവ്. 2017-ൽ ജൂലൈ മാസമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചൈന തുടക്കമിട്ടത്.
വിമാനത്താവളത്തിന്റെ നിർമാണത്തിനു പിന്നാലെ രാജ്യത്തെ റെയിൽവേ നിർമാണത്തിനും മറ്റു പദ്ധതി പ്രവൃത്തികൾക്കും നേപ്പാൾ പ്രധാനമന്ത്രി ചൈനയുടെ സഹകരണം തേടിയിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് നേപ്പാളിൽ വിമാനാപകടം ഉണ്ടായത്. 68 യാത്രക്കാരും നാലു ജീവനക്കാരുമായി പറന്ന യെതി എയർലൈൻസാണ് തകർന്നുവീണത്. അപകടത്തിൽ 68 പേർ മരണപ്പെട്ടു.
വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

